ഭീകരസംഘടനകള്‍ ദേശസ്‌നേഹികള്‍, സഖ്യത്തിന് തയാറെന്ന് പര്‍വേസ് മുഷറഫ്

കറാച്ചി: ഭീകര സംഘടനകളെ ദേശസ്‌നേഹികളെന്ന് വിശേഷിപ്പിച്ച് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍ ഇ തയ്ബയെയും ജമാ അത്തുദ്ദഅവയെയുമാണ് ദേശസ്‌നേഹികളെന്ന് മുഷറഫ് വിളിച്ചത്.

പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി ദേശ സ്‌നേഹികളായ ഈ സംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്നും മുഷറഫ് പ്രഖ്യാപിച്ചു. ദുബായില്‍ കഴിയുന്ന മുഷറഫ് കഴിഞ്ഞ മാസം ലഷ്‌കര്‍ ഇ തയ്ബയെയും ഹാഫിസ് സയീദിനെയും പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു.

ഇരു സംഘടനകളും ദേശസ്‌നേഹമുള്ളവരാണ്. രാജ്യത്തോട് ഏറ്റവും അധികം സ്‌നേഹമുള്ളവരും അവരാണ്. പാക്കിസ്ഥാനും കശ്മീരിനും വേണ്ടി ലഷ്‌കര്‍, ജമാ അത്തുദ്ദഅവ അംഗങ്ങള്‍ സ്വന്തം ജീവന്‍ തന്നെ നല്‍കുന്നു. ജനപിന്തുണ ഏറെയുള്ള സംഘടനകളാണ് രണ്ടും. അതുകൊണ്ടുതന്നെ അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും മുഷറഫ് അറിയിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു വിഭാഗങ്ങളും സഖ്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ സഖ്യം രൂപീകരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും മുഷറഫ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവില്‍ ദുബായിലാണുള്ളത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കല്‍ തുടങ്ങിയവയാണ് മുഷറഫിനെതിരെ പാക്ക് ഭീകരവിരുദ്ധ കോടതി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍

Top