ഒടുവില്‍ തുറന്ന് സമ്മതിച്ച് മുഷാറഫ്; ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാക് പരിശീലനം

ന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിവരുന്നതായി മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് റിട്ട. ജനറല്‍ പെര്‍വേസ് മുഷാറഫ്. ഇവരെല്ലാം ഹീറോകളാണെന്ന് വിശേഷിപ്പിച്ച മുഷാറഫ് ഒസാമ ബിന്‍ ലാദനും, ജലാലുദ്ദീന്‍ ഹഖാനിയെയും പോലുള്ള ഭീകരരെയും പാകിസ്ഥാനി ഹീറോകളെന്നാണ് വിശേഷിപ്പിച്ചത്.

പാക് രാഷ്ട്രീയ നേതാവ് ഫര്‍ഹത്തുള്ള ബാബര്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു അഭിമുഖത്തിലെ ക്ലിപ്പിലാണ് ഈ വിവരങ്ങള്‍ മുഷാറഫ് തുറന്നുസമ്മതിച്ചത്. ‘1979ല്‍ മത തീവ്രവാദം അഫ്ഗാനിസ്ഥാനില്‍ നമ്മള്‍ ആരംഭിച്ചത് പാകിസ്ഥാന്റെ ലാഭത്തിനും, സോവിയറ്റിനെ പുറത്താക്കാനും വേണ്ടിയാണ്. നമ്മള്‍ ലോകമെമ്പാടുമുള്ള മുജാഹിദ്ദീനുകളെ എത്തിച്ച് പരിശീലിപ്പിച്ച് ആയുധങ്ങള്‍ നല്‍കി. അവര്‍ നമ്മുടെ ഹീറോകളാണ്. ഹഖാനി, ലാദന്‍ എല്ലാം ഹീറോസ്. അന്നത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. ഹീറോകള്‍ വില്ലന്‍മാരുമായി’, മുഷാറഫ് പറഞ്ഞു.

പാകിസ്ഥാനിലെത്തിയ കശ്മീരികള്‍ ഹീറോസിന്റെ വരവേല്‍പ്പ് ലഭിച്ചു. അവരെ പരിശീലിപ്പിച്ച് പിന്തുണ നല്‍കി. ഇന്ത്യന്‍ സൈന്യത്തിന് എതിരെ പോരാടാന്‍ മുജാഹിദ്ദീനുകളെ പോലെയാണ് നമ്മള്‍ അവരെ കണ്ടത്. ഇതിനിടെയാണ് ലഷ്‌കര്‍ ഇ തോയ്ബ പോലുള്ളവര്‍ ഉയര്‍ന്നത്. അവരും നമ്മുടെ ഹീറോസായിരുന്നു, മുഷാറഫ് കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് മുഷാറഫിന്റെ വെളിപ്പെടുത്തലുകള്‍. മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദികളെ വളര്‍ത്തുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് എതിരെയുള്ള പാകിസ്ഥാന്റെ നടപടി പോരെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കിടെ അവരുടെ മുന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനകള്‍ പാകിസ്ഥാന് തലവേദനയാകും.

Top