പിണറായി സർക്കാറിന് സെഞ്ചുറി സാധ്യം ? പെരിന്തൽമണ്ണയിലെ ‘വിവാദപെട്ടി’ തുറന്നേക്കും

മലപ്പുറം: തലനാരിഴക്കാണ് ഇടതുപക്ഷത്തിന് ഇത്തവണ നിയമസഭയിൽ സെഞ്ചുറി തികയ്ക്കാൻ കഴിയാതിരുന്നത്. ആ നഷ്ടം നികത്തി 100 സീറ്റിൽ എത്താനുള്ള സാഹചര്യമാണിപ്പോൾ ഇടതുപക്ഷത്തെ തേടി എത്തുന്നത്.

പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്പെഷൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തതോടെ, ഇടതുപക്ഷ പ്രതീക്ഷയാണ് വർദ്ധിച്ചിരിക്കുന്നത്.യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനു ജയിച്ച മണ്ഡലത്തിൽ, ഈ പെട്ടികളിലെ വോട്ടുകളിൽ ഇടതുപക്ഷം ആധിപത്യം പുലർത്തിയാൽ , യു.ഡി.എഫിനെ സംബന്ധിച്ച് അത് അപ്രതീക്ഷിത തിരിച്ചടിയായി മാറും.

തർക്കത്തെ തുടർന്ന് എണ്ണാതെവച്ച 348 വോട്ടുകളാണ് ഈ വിവാദ പെട്ടിയിലുണ്ടായിരുന്നതെന്നാണ് സൂചന. കോവിഡിന്റെ സാഹചര്യത്തിൽ 80നു മുകളിൽ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അവസരമുണ്ടായിരുന്നു. ഇവയെ പ്രത്യേക തപാൽ വോട്ടുകളായാണ് കണക്കാക്കിയിരുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകളാണ് വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റി വച്ചിരുന്നത്. ക്രമനമ്പർ , ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകൾ കൂടി എണ്ണണമെന്ന് ഇടതുപക്ഷം രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും വരണാധികാരി അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇടതു സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനെതിരെ നിലവിലെ എം.എൽ.എ നജീബ് കാന്തപുരം തടസ്സ ഹർജി നൽകിയെങ്കിലും ഇടത് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്.

ഇതിനിടെയാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പെട്ടികളിൽ ഒന്ന് കാണാതായിരുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ, പെട്ടി കൊച്ചിയിലേക്കു മാറ്റുന്നതിനായി തിരഞ്ഞപ്പോഴാണു കാണാതായതു അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.

പെട്ടി മാറ്റുന്നതിനായി സ്ട്രോങ് റൂം തുറന്നപ്പോൾ രണ്ടു പെട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ, കാണാതായ പെട്ടി മലപ്പുറത്തെ സഹകരണ ജോയന്റ് രജിസ്ട്രാർ ഓഫിസിൽനിന്ന് കണ്ടെത്തുകയാണ് ഉണ്ടായത്. ഇടതു സ്ഥാനാർത്ഥിയുടെ ഹരജി പരിഗണിച്ചാണ് വോട്ടുപെട്ടി ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റാൻ ഉത്തരവുണ്ടായിരിക്കുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങളും അരങ്ങേറിയിരിക്കുനത്. അതേസമയം, മൂന്നു പെട്ടികളിൽ ഒന്നു മാത്രം എങ്ങനെ മാറ്റി എന്നതിൽ സംശയം ഉണ്ടെന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. ഇതു സംബന്ധമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഹൈക്കോടതി വിവാദ പെട്ടികളിലെ വോട്ടു കൂടി എണ്ണാൻ നിർദ്ദേശിച്ചാൽ, തീർച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷമുള്ളത്. അങ്ങനെ സംഭവിച്ചാൽ രണ്ടാം പിണറായി സർക്കാറിന് 100 അംഗങ്ങളുടെ ഭൂരിപക്ഷം എന്ന ഇടത് സ്വപ്നവും ശാശ്വതമാകും.

Top