പെരുമ്പാവൂർ പെരുമ പറഞ്ഞ് ഒന്നാമതെത്തി അർജുൻ അജിത്

അബുദാബി: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ‘പെരുമ്പാവൂർ പെരുമ വാനോളം’ എന്ന ആശയത്തിൽ സംഘടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തിൽ അർജുൻ അജിത് ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയുടെ സ്വർണനാണയമാണ് സമ്മാനം. കേരളത്തിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ വിജയികൾക്ക് നാണയം സമ്മാനിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കിയ ഡോക്യൂമെന്ററിയായതിനാൽ ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അർജുൻ പറഞ്ഞു. കോവിഡ് വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ പരിമിതമായ സാഹചര്യത്തിലാണ് ഇത് പൂർത്തിയാക്കിയത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നതിന് ശേഷം ഇതുപോലൊരു പുരസ്‌കാരത്തിന് പ്രവാസലോകത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഫേസ്ബുക്ക് പേജിലൂടെ പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, കൺവീനർ അപർണ സന്തോഷ്, ജോയിൻസെക്രട്ടറി ജോമി ജോസഫ് എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

ജ്യുവൽ ബേബിയാണ് രണ്ടാം സ്ഥാനം നേടിയത്. 50,000 രൂപയുടെ സ്വർണനാണയമാണ് സമ്മാനം. മൂന്നാം സ്ഥാനം ജഗദീഷ് ജനാർദ്ധനൻ നേടി. 25,000 രൂപയുടെ സ്വർണ നാണയമാണ് സമ്മാനം.

Top