ഇന്ത്യയുടെ യുദ്ധ, സൈനിക നടപടി രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധചരിത്രങ്ങളും മറ്റ് സൈനിക നടപടികളും ആര്‍ക്കൈവ് ചെയ്യല്‍, രഹസ്യ സ്വഭാവത്താല്‍ വെളുപ്പെടുത്താത്ത ഫയലുകള്‍ പുറത്തുവിടല്‍, സമാഹരണം, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓരോ ഓര്‍ഗനൈസേഷനും യുദ്ധ ഡയറികള്‍, നടപടി കത്തുകള്‍, ഓപ്പറേഷണല്‍ റെക്കോഡ് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ശരിയായ പരിപാലനത്തിനും ശേഖരണത്തിനുമായി ചരിത്ര വിഭാഗത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

യുദ്ധങ്ങളുടേയും ഓപ്പറേഷനുകളുടേയും ചരിത്ര സമാഹരണവും പ്രസിദ്ധീകരണവും അടക്കമുള്ളവയ്ക്ക് വിവിധ വകുപ്പുകളുടെ ഏകോപന ഉത്തരവാദിത്വം ചരിത്ര വകുപ്പിന്റെ ചുമതലയാണെന്ന് മന്ത്രാലയം അറിയിച്ചു. ‘നയമനുസരിച്ച്, 25 വര്‍ഷത്തിനുള്ളിലെ രഹസ്യ ഫയലുകള്‍ പുറത്തുവിടും.

25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള റെക്കോര്‍ഡുകള്‍ ആര്‍ക്കൈവല്‍ വിദഗ്ധര്‍ വിലയിരുത്തുകയും യുദ്ധ ഓപ്പറേഷന്‍ ചരിത്രങ്ങള്‍ സമാഹരിച്ചു കഴിഞ്ഞാല്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും വേണം മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യുദ്ധ ചരിത്രങ്ങളുടെ സമാഹാരവും പ്രസിദ്ധീകരണവും സംബന്ധിച്ച് നയം വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം  ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ യുദ്ധ ചരിത്രങ്ങള്‍ സമാഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Top