കുവൈത്തില്‍ പ്രതിദിന വിമാനയാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്താന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ യാത്രാ വിലക്ക് നിലനിന്നിരുന്നപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ വിവിധ വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നിശ്ചയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കുവൈത്ത് എയര്‍വേയ്‌സിനും എയര്‍അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കുമായി പ്രതിദിനം 2500 യാത്രക്കാരെ അനുവദിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ക്വാട്ട അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top