കോളേജുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍; ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ബിരുദ കോഴ്‌സുകള്‍ക്ക് 70 സീറ്റും ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25ഉം, ആര്‍ട്‌സ്-കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, എത്ര സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നതിനുള്ള അധികാരം കോളേജുകള്‍ക്കാണ്.

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന നിര്‍ദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

കോവിഡ് സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നത് കുറയും. കേരളത്തിലെ സര്‍വ്വകലാശാലകളും കോളേജുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നും സംസ്ഥാനത്തെ കോളേജുകളിലെ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഈ സാഹചര്യങ്ങളിലാണ് സീറ്റ് വര്‍ധിപ്പിക്കാനുള്ള അനുവാദമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ വരുന്ന അധിക ബാധ്യത സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ ഉത്തരവിലില്ല. എന്നാല്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്തരുതെന്നും നിര്‍ദേശിക്കുന്നു.

Top