സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. തീയേറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി ഉത്തരവിറക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിന്ത്രണം നീക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സിനിമാ വ്യവസായം നേരിടുന്നത്. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് രാവിലെ ഒന്‍പത് മുതല്‍ രാത്രി 9 വരെയായിരുന്നു പ്രദര്‍ശനം അനുവദിച്ചത്.

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് അടക്കമുള്ള മലയാള സിനിമകളുടെ റിലീസ് നീട്ടിവച്ചിരുന്നു. സെക്കന്‍ഡ്ഷോ അനുവദിച്ച സാഹചര്യത്തില്‍ റിലീസ് നീട്ടിവച്ച 30ഓളം മലയാള സിനിമകള്‍ വൈകാതെ തീയേറ്ററുകളിലെത്തും.

 

Top