കര്‍ഷകരുടെ വായ്പ മൊറട്ടോറിയം: സര്‍ക്കാര്‍ അപേക്ഷ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള സര്‍ക്കാരിന്റെ അപേക്ഷ തൃപ്തികരമാണെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കാര്‍ഷിക വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

ഇത് സംബന്ധിച്ച ഫയല്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു മടക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യം എന്താണെന്നും, മന്ത്രിസഭ മാര്‍ച്ച് 5ന് തീരുമാനിച്ചിട്ടും ഉത്തരവിറക്കാന്‍ വൈകിയതെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കിട്ടിയ മറുപടികളെല്ലാം തൃപ്തികരമാണെന്നും സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണ അറിയിച്ചു.

Top