കൂടത്തായി: സിലി വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി ജോസഫിനെയും മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്.

വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയില്‍ വെച്ച് ജോളി സയനൈഡ് നല്‍കി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷന്‍ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികള്‍. എന്നാല്‍ റോയ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ സിലി വധക്കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

സിലി വധക്കേസിലും അറസ്റ്റുണ്ടാവുന്നതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ അറസ്റ്റായിരിക്കും നടക്കാന്‍ പോവുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് മുന്നെയാണ് ജോളിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കേണ്ടത്.

Top