യുഎഇയില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി

അബുദാബി: ബലി പെരുന്നാള്‍ ദിവസം യുഎഇയിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി. നമസ്‌കരവും അതിന് ശേഷമുള്ള ഖുത്തുബയും (പ്രഭാഷണം) ഉള്‍പ്പെടെ പരമാവധി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്!മെന്റ് അതോരിറ്റി ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു.

പള്ളികളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളും പാലിക്കണം. പള്ളികളും ഈദ്ഗാഹുകളും നമസ്‌കാരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ തുറക്കുകയുള്ളൂ. നമസ്‌കാരശേഷം ഹസ്തദാനം ചെയ്തും പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ പങ്കിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നമസ്‌കാരത്തിന് മുമ്പോ ശേഷമോ കൂട്ടംകൂടാന്‍ വിശ്വാസികളെ അനുവദിക്കില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60ന് വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top