രാജ്യത്ത് കുട്ടികള്‍ക്ക് കോവാക്‌സിന്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) ആണ് അനുമതി നല്‍കിയത്.

കോവാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധ സമിതി അനുമതി നല്‍കിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന, നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുക. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ കോവാക്‌സിനും കോവിഷീല്‍ഡ് വാക്‌സിനുമാണ് നല്‍കുന്നത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെകാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

Top