മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചെന്ന് പിഡിപി നേതാക്കള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചതായി പാര്‍ട്ടി നേതാക്കള്‍. ഇതേത്തുടര്‍ന്ന് സന്ദര്‍ശനാനുമതി തേടി പിഡിപി നേതാക്കള്‍ ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് കത്തയച്ചു. ഒക്ടോബര്‍ 30ന് മെഹ്ബൂബയെ കാണാനുള്ള അനുമതി നല്‍കണമെന്നാണ് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സന്ദര്‍ശനാനുമതി തേടി ഭരണകൂടത്തെ സമീപിച്ചപ്പോള്‍ ഔദ്യോഗികമായ ഒരു പ്രതികരണവും ലഭിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന പിഡിപി നേതാവും മുന്‍ എംഎല്‍എയുമായ വേദ് മഹാജന്‍ പറഞ്ഞു.

അതേസമയം, ഈ മാസം ആറിന് പത്ത് പിഡിപി നേതാക്കള്‍ക്ക് മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി ലഭിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നത്.

ആഗസ്റ്റ് 4നാണ് കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

Top