ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

നവംബര്‍ എട്ടിനാണ് ഫൈനല്‍. അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുക. യുഎഇയിലെ ഷാര്‍ജ, അബുദാബി, ദുബായ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ഐപിഎല്‍ നടക്കുക. ഇന്ത്യയിലെ ഒരു കായികസംഘടന ആഭ്യന്തര ടൂര്‍ണമെന്റ് വിദേശത്തേക്ക് മാറ്റുമ്പോള്‍, അതിന് ആഭ്യന്തര, വിദേശ, കായിക മന്ത്രാലയങ്ങളില്‍ നിന്ന് യഥാക്രമം അനുമതി ആവശ്യമാണ്.

കോവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം. കോവിഡ് കാരണം ഐ.പി.എല്‍ മത്സരങ്ങള്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഐ.സി.സി ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്.

Top