പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു ; കോതമംഗലം താലൂക്കിൽ ജാഗ്രത നിർദേശം

കൊച്ചി : എറണാകുളം ജില്ലയുടെ മലയോര മേഖലകളിലടക്കം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററിലധികമാണ് ഉയര്‍ന്നത്.

സാധാരണ നിലയിലായിരുന്ന പെരിയാറിലെ ജലനിരപ്പ് 1.7 മീറ്റര്‍ ആയി ഉയര്‍ന്നു. മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. പെരിയാറിനെ തീരപ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും പെയ്ത മഴയാണ് ജലനിരപ്പ് കുതിച്ചുയരാന്‍ കാരണം.

ജില്ലയില്‍ നഗരത്തിലും മലയോര മേഖലകളിലും ഇന്നലെ മഴ പെയ്തിരുന്നു. കിഴക്കന്‍ മേഖലയിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

കോതമംഗലം താലൂക്കിലെ കടവൂര്‍, നേര്യമംഗലം,കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയ അതീവ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.

Top