കനത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി

ആലുവ: കനത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ അമ്പലത്തിന് അകത്തേക്കും വെള്ളം കയറി, അതിനാല്‍ പൂജകള്‍ ഒന്നു തന്നെ നടന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1.8 മീറ്റര്‍ ആണ് ഇന്ന് രാവിലെ പെരിയാറിലെ ജലനിരപ്പ്. വെള്ളത്തില്‍ ചെളിയുടെ അംശവും കൂടുതലായുണ്ട്.

അതേസമയം എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കാന്‍ പൊലീസിനും ഫയര്‍ ഫോഴ്സിനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചതോടെയാണ് പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ ജില്ല അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം സജ്ജമായിരിക്കുന്നത്. കാക്കനാട് കളക്ട്രേറ്റിലാണ് അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് മൊബൈല്‍ -ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സാറ്റ്‌ലൈറ്റ് ഫോണുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.

Top