പെരിയാറിന്റെ പ്രതിമ തകര്‍ത്തവര്‍ കാട്ടാള മനോഭാവമുള്ളവരെന്ന് രജനികാന്ത്

rajanikanth

ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെ വിമര്‍ശിച്ച് തമിഴ് നടന്‍ രജനീകാന്ത് രംഗത്ത്. കാട്ടാള മനോഭാവമുള്ളവരാണ് ഇത്തരം ഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത്തരം നടപടിയെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ബിജെപി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയത്തില്‍ രജനിയുടെ വിമര്‍ശനത്തിനു വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരുമുണ്ട്. രജനി ബിജെപിയുമായി കൂട്ടുചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പേരെടുത്ത് പരാമര്‍ശിക്കാതെയാണെങ്കിലും പ്രതികരണം പുറത്തുവന്നത്.

അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പോലീസ് സുരക്ഷ നല്‍കേണ്ടെന്നും തമിഴര്‍ തന്നെ പ്രതിമ സംരക്ഷിക്കുമെന്നാണ് കമല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇതിനിടെ, പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയ്‌ക്കെതിരെ വൈകാരിക പ്രതികരണവുമായി നടന്‍ സത്യരാജും നടി ഖുശ്ബുവും രംഗത്തെത്തിയിരുന്നു. മരിച്ചുപോയ വെറുമൊരു മനുഷ്യനല്ല പെരിയാറെന്നും, അദ്ദേഹമൊരു പ്രത്യയശാസ്ത്രമാണെന്നും സത്യരാജ് പ്രതികരിച്ചു. എച്ച്.രാജയ്‌ക്കെതിരെ സത്യരാജിന്റെ പ്രതികരണമുള്ള വീഡിയോ മകനും നടനുമായ സിബിരാജാണ് പുറത്തുവിട്ടത്. പ്രതിഷേധ സൂചകമായി കറുപ്പുടുത്ത് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെതിരെയും അദ്ദേഹം കുറ്റപ്പെടുത്തി. അതൊടൊപ്പം പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച എച്ച്.രാജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമ അക്രമികള്‍ നശിപ്പിച്ചത്.

Top