പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു.

ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇരുവര്‍ക്കും ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ സാഹായിച്ചതിനുമാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ബാലകൃഷ്ണന്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. എന്നാല്‍ അന്വേഷണം പിടിയിലായവരില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തിലെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.

Top