പെരിയ കേസ്; സര്‍ക്കാരിന് ഇനി തിരിച്ചടിയുടെ നാളുകളെന്ന് ചെന്നിത്തല

ramesh-Chennithala

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയുടെ നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടു പോലും പെരിയ കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

അതേസമയം, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കാനായി എത്തിച്ചത്. ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വൈകുന്നതിനാല്‍ അന്വേഷണം തുടരാനാകുന്നില്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Top