പെരിയ കേസ് സിബിഐക്ക് കൈമാറരുത്; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസ് ക്രൈംബ്രാഞ്ച് നീതിയുക്തമായാണ് അന്വേഷിച്ചതെന്നും അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് രേഖകള്‍ തേടി ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും നാല് തവണ സിബിഐ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേസ് ഡയറിയോ രേഖകളോ പൊലീസ് നല്‍കിയില്ല.

കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാര്‍ക്ക് അടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്.

Top