പെരിയ ഇരട്ടക്കൊലക്കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുളള കൊലപാതകമെന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ ശേഷം കുറ്റപത്രത്തില്‍ അത് എങ്ങനെയാണ് വ്യക്തിവൈരാഗ്യമായി മാറിയത് എന്ന് കേസ് ഡയറി പരിശോധിച്ച കോടതി ചോദിച്ചു.

അതേസമയം കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വിശദമാക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Top