പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ സാഹായിച്ചതിനുമാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ബാലകൃഷ്ണന്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. എന്നാല്‍ അന്വേഷണം പിടിയിലായവരില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തിലെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണിയിലാണ്. കൊലപാതകത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ് നടക്കുന്നതെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമാണ് കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ പീതാംബരനാണെന്ന് കണ്ടെത്തിയിരുന്നു. സജി സി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 10 പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എട്ടു പേര്‍ക്കു കൊലയില്‍ പങ്കുണ്ട്.

Top