പെരിയ ഇരട്ടക്കൊലപാതകം; കോടതിയലക്ഷ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസ് സിബിഐക്ക് വിട്ട് കോടതി ഉത്തരവായിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് അടുത്ത മാസം 5 ലേയ്ക്ക് മാറ്റി. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളാണ് കോടതിയലക്ഷ്യഹര്‍ജി നല്‍കിയത്.

അതേസമയം സി.ബി.ഐ. അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.

കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌രണ്ടാഴ്ച മുന്‍പ് ഉത്തരവിട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്.

Top