പെരിയ ഇരട്ട കൊലപാതക കേസ്; പ്രതികളെ സിബിഐ ചോദ്യം ചെയ്യും

പെരിയ ഇരട്ട കൊലപാതക കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്യും. അടുത്തയാഴ്ച ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കി. പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയത്.

ആകെ 14 പേരെ പ്രതി ചേര്‍ത്ത കേസിലെ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ 11 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ ജാമ്യത്തിലുളള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉള്‍പ്പെടെ 3 പേരെ വിവിധ സമയങ്ങളില്‍ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.

ജയിലില്‍ കഴിയുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലില്‍ എത്തി ചോദ്യം ചെയ്യാനാണ് സിബിഐക്ക് കോടതി അനുമതി നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയില്ലെന്നും കിട്ടുന്ന മുറയ്ക്ക് പ്രതികളെ ചോദ്യം ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചോദ്യം ചെയ്യല്‍ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Top