പെരിയ ഇരട്ടക്കൊലക്കേസ്; സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുന്നു

കാസര്‍ക്കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐയുടെ നിര്‍ണായക നീക്കം. കേസില്‍ അഞ്ചു മുതിര്‍ന്ന ജില്ലാ സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്(21), ശരത് ലാല്‍(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.

Top