നെയ്യാറ്റിൻകരയിൽ കാക്കി അപമാനം, പെരിന്തൽമണ്ണയിൽ അഭിമാനമായി ഡി.വൈ.എസ്.പി

mohan2

മലപ്പുറം: നെയ്യാറ്റിന്‍കരയില്‍ സനലിനെ റോഡിലേക്ക് വലിച്ചിട്ട് കൊലപ്പെടുത്തിയ ഡി.വൈ.എസ്.പി ഹരികുമാര്‍ പോലീസ് സേനയെ നാണം കെടുത്തിയപ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് 125 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്ത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ സേനയുടെ അഭിമാനമാകുന്നു.

നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനും പൂക്കോട്ടുംപാടം എസ്‌ഐ വിഷ്ണുവുമടങ്ങുന്ന സംഘം പിടികൂടിയത് 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാലംഗസംഘത്തെയാണ്. രണ്ടുവര്‍ഷം കൊണ്ട് പെരിന്തല്‍മണ്ണ പരിധിയില്‍ മാത്രം 15.13 കോടി രൂപയുടെ (15,013,5700 രൂപ )നിരോധിത 500 രൂപയുടെയും 1000 രൂപയുടെയും ഇന്ത്യന്‍ നോട്ടുകളാണ്. ഇതിനു പുറമെ നിലമ്പൂരില്‍ 110 കോടി വിലമതിക്കുന്ന നിരോധിത തുര്‍ക്കി കറന്‍സിയുമായി അഞ്ചു പേരെയും പിടികൂടി. സംസ്ഥാന പോലീസ് സേനയില്‍ തന്നെ ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നിരോധിത നോട്ടുവേട്ടയിലെ റെക്കോര്‍ഡാണിത്.

pookotumpadam currancy

മാരുതി സ്വിഫ്റ്റ് കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയുണ്ടാക്കി അതിനുള്ളില്‍ 85 ലക്ഷത്തോളം രൂപ കടത്തുന്നതിനിടെയാണ് നോട്ടു നിരോധനത്തിന്റെ വാര്‍ഷികദിനമായ ഇന്ന് നാലു പേര്‍ പൂക്കോട്ടുംപാടത്ത് പിടിയിലായത്. അരീക്കോട് കുനിയില്‍ കൊക്കഞ്ചേരി മന്‍സൂറലി (30), മുക്കം എരഞ്ഞിമാവ് നെഞ്ചീരിപ്പറമ്പ് കോലൊതുംവീട്ടില്‍ റഫീഖ് (28), ആരീക്കോട് കുറ്റിളി മത്തക്കാപൊയില്‍ ദിവിന്‍ ( 31), മുക്കം എരഞ്ഞിമാവ് പന്നിക്കോട് തെഞ്ചീരിപറമ്പില്‍ അന്‍സാര്‍ (29) എന്നിവരെ അമരമ്പലം പാലത്തിനടുത്തുവെച്ചാണ് പിടികൂടിയത്. വയനാട്, താമരശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പണം ശേഖരിച്ചത്. ഒരു കോടി രൂപക്ക് 32 ലക്ഷം രൂപയുടെ പുതിയ കറന്‍സി കൈമാറാമെന്നു പറഞ്ഞാണ് പണം ശേഖരിച്ചത്.

turky lira

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നിലമ്പൂരില്‍ 10 കോടി മൂല്യമുള്ള തുര്‍ക്കിയില്‍ നിരോധിച്ച കറന്‍സിയുമായി നിലമ്പൂരില്‍ അഞ്ച് പേരെ പിടികൂടിയത്. കറന്‍സികളുമായി തമിഴ്‌നാട്ടിലേക്ക് പോവുന്നതിനിടെയാണ് കാര്‍ സഹിതം ഇവര്‍ പിടിയിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന സംഘങ്ങളെയാണ് ഡി.വൈ.എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലാക്കിയത്. നിരോധിത നോട്ടുകള്‍ തിരിച്ചെടുക്കുന്നതു റിസര്‍വ് ബാങ്ക് നിര്‍ത്തിയിട്ടും. പഴയ നോട്ടുകള്‍ മാറ്റിനല്‍കാമെന്നു പറഞ്ഞ് കമ്മീഷന്‍ തുക ലക്ഷങ്ങള്‍ നിശ്ചയിച്ച് ആ പണം മുന്‍കൂര്‍ വാങ്ങിയുള്ള തട്ടിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി ഇടപാടുകാരും മറ്റുമാണ് വന്‍ തുക മാറ്റി നല്‍കാനായി നല്‍കുന്നത്. ഇപ്പോഴും മലപ്പുറത്ത് പലരുടെയും പക്കല്‍ കോടികളുടെ നിരോധിത നോട്ടുകളുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഡി.വൈ.എസ്.പിയാണ് എം.പി മോഹനചന്ദ്രന്‍. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു. കാസര്‍ഗോട്ടുനിന്നും 600 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു.

pookottumpadam currancy prathikal

നേരത്തെ സി.ആര്‍.പി.എഫില്‍ എസ്.ഐആയിരുന്ന മോഹനചന്ദ്രന് ബ്ലാക് കാറ്റ് കമാന്‍ഡോ പരിശീലനവും ലഭിച്ചിട്ടുണ്ട്. സ്‌പെഷല്‍ പ്രൊട്ടക്ക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനം ലഭിച്ച് വി.വി.ഐ.പി സുരക്ഷാസംഘത്തിലുമുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ചാണ് കേരള പോലീസില്‍ എസ്.ഐയായി ചേര്‍ന്നത്. 60 ഓളം ഗുഡ് സര്‍വീസ് എന്‍ട്രികളും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

Top