പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസ്; കൃത്രിമം നടന്നത് രജിസ്ട്രാർ ഓഫീസിൽ നിന്നെന്ന് നജീബ് കാന്തപുരം

മലപ്പുറം : പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. രണ്ട് തരം പെട്ടികളാണ് കോടതിയിൽ എത്തിയത്. കോടതിയിൽ ഒരു എക്സ്ട്രാ കവർ കൂടി എത്തി. കൃത്രിമങ്ങൾ നടന്നത് രജിസ്ട്രാർ ഓഫീസിൽ നിന്നാണെന്നാണ് അനുമാനമെന്നും നജീബ് കാന്തപുരം ആരോപിച്ചു. കോടതിയിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം.

അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകി. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്. സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിർദേശം നൽകി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി സ്ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാൽ വോട്ട് പെട്ടികളിൽ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിൻ രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്.

Top