പെരിങ്ങൊളം റംല കൊലക്കേസ്; ശിക്ഷാ വിധി നാളെ പറയും

കോഴിക്കോട്: പെരിങ്ങൊളം റംല കൊലക്കേസില്‍ മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി നാളെ പറയും. റംലയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നാസര്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2017 സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിങ്ങൊളം തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭര്‍ത്താവ് നാസറും താമസം.

വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസര്‍ വഴക്കിടകുയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്.

കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നില്‍ക്കുന്ന നാസറിനെയും കണ്ടെന്നായിരുന്നു മൊഴി. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Top