കരുവന്നൂര്‍ കേസ്; പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപമില്ലെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്ക് ഡെപ്പോസിറ്റര്‍മാരില്‍ ആശങ്കയുണ്ടാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഇതിലൂടെ ബാങ്കിലെ സാധാരണ ജനങ്ങള്‍ നിക്ഷേപം പിന്‍വലിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി.

90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും കള്ളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി കണ്ടെത്തിയത്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്ത് ആണ്. ബാങ്കില്‍ മകന്‍ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അരവിന്ദാക്ഷന്റെ വിദേശ സന്ദര്‍ശനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. പി ആര്‍ അരവിന്ദാക്ഷന്‍ മൂന്ന് തവണ ദുബായില്‍ പോയി. ഒരു തവണ സതീഷിനൊപ്പവും രണ്ട് തവണ വിദേശ മലയാളിയായ അജിത് എന്നയാള്‍ക്ക് ഒപ്പവുമാണ് പോയത്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി അജിത്തിന് വിറ്റു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബാങ്ക് അക്കൗണ്ടന്റ് സി കെ ജില്‍സ് 11 ഇടങ്ങളില്‍ ഭൂമി വാങ്ങിയതായും ഇതില്‍ ആറെണ്ണം ഭാര്യയുടെ പേരിലാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Top