ഓസ്‌ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്‌: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സുദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധയേറ്റ ജനങ്ങളുടെ ദു:ഖത്തില്‍ ഇന്ത്യയും പങ്കുചേരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും സൗഹൃദം ശക്തിപ്പെടുത്താന്‍ നിരവധി അവസരങ്ങളുണ്ട് ഇപ്പോളെന്നും ഈ സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല ഇന്തോ-പസഫിക് മേഖലയ്ക്കും മുഴുവന്‍ ലോകത്തിനും ഇത് ഗുണം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുള്ളിലും ജി-20 രാജ്യങ്ങളിലും ഇന്തോ-പസഫിക് മേഖലകളിലും പ്രധാനമന്ത്രി മോദി നടത്തുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്ക് നന്ദിപറയുന്നുവെന്ന് സ്‌കോട്ട് മോറിസോണ്‍ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത് താന്‍ അഭിനന്ദിക്കുന്നു. ലോകത്തെ കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല പ്രസിദ്ധമായ മോദിയുടെ ആലിംഗനം നേടാനും തന്റെ സമോസ പങ്കുവെയ്ക്കാനും അവിടെ ഉണ്ടാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ പരീക്ഷിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അത് നരേന്ദ്ര മോദിയുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സമോസയുമായി നില്‍ക്കുന്ന ചിത്രങ്ങളും മോറിസണ്‍ ട്വീറ്റ് ചെയ്തിരുന്നു. കോവിഡിനെതിരേ നിര്‍ണായക വിജയം നേടികഴിഞ്ഞാല്‍ നമ്മള്‍ ഒരുമിച്ച് സമോസകള്‍ ആസ്വദിക്കുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് മോദിയും പ്രതികരിച്ചിരുന്നു.

ജനുവരിയില്‍ നിശ്ചയിച്ചിരുന്ന മോറിസന്റെ ഇന്ത്യന്‍ സന്ദര്‍ശനം കാട്ടുതീ പ്രതിസന്ധി മൂലം റദ്ദാക്കുകയായിരുന്നു.

Top