തമിഴകത്തും ആന്ധ്രയിലും ‘മഹാസംഭവം’ സ്വപ്നത്തിനും മീതെ ഒരു. . ആധിപത്യം !

സുവര്‍ണ്ണകാലം എന്നൊക്കെ പറയുന്നത് ഇതിനെയാണ്. നമ്മുടെ സ്വന്തം മമ്മൂക്ക കേരളം വിട്ട് അങ്ങ് ഉയരത്തില്‍ എത്തി കഴിഞ്ഞു. ആര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത അത്ര ഉയരത്തില്‍ . . .

രണ്ട് സിനിമകളിലൂടെ രണ്ടു വലിയ സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ സ്വാധീനം ഉറപ്പിക്കുക എന്നത് നിസാര കാര്യമല്ല. എന്നാല്‍ ആ വലിയ നേട്ടം ഇതിനകം തന്നെ മമ്മൂട്ടി കൈവരിച്ച് കഴിഞ്ഞു.

വൈ.എസ്.ആര്‍ ആകാനും പേരന്‍പിലെ കേന്ദ്ര കഥാപാത്രമാകാനും മമ്മൂട്ടി അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഈ ചിത്രങ്ങളുടെ സംവിധായകര്‍ തന്നെ പറയുന്നതാണ് ഈ മഹാനടനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.

mammootty

പേരന്‍പ് – യാത്ര എന്നീ രണ്ടു സിനിമകള്‍ പുറത്തിറങ്ങും മുന്‍പ് തന്നെ തമിഴകത്തും ആന്ധ്രയിലും സെന്‍സേഷനായി മാറി കഴിഞ്ഞിരുന്നു മെഗാസ്റ്റാര്‍. ടീസറുകള്‍ക്ക് എത്ര മാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞോ അതിന്റെ പതിന്‍മടങ്ങ് സ്വാധീനം പേരന്‍പിലൂടെ തമിഴകത്ത് മമ്മൂട്ടി ഉണ്ടാക്കി കഴിഞ്ഞു. ഈ സിനിമ കണ്ടിറങ്ങിയ പ്രമുഖ സിനിമാ പ്രവര്‍ത്തകരെല്ലാം അഭിനയം കണ്ട് അമ്പരന്നിരിക്കുകയാണ്.

മിഷ്‌കിന്‍ എന്ന സൂപ്പര്‍ സംവിധായകന്റെ ഒറ്റ മറുപടി മതി മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്താന്‍. മമ്മൂട്ടിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ‘നടിച്ചു കളഞ്ഞേനേ’ എന്നായിരുന്നു ആ പ്രതികരണം. മമ്മൂക്ക പേരന്‍പില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തതെന്നാണ് മിഷ്‌കിന്‍ അഭിപ്രായപ്പെട്ടത്. സമാനമായ അഭിപ്രായ പ്രകടനങ്ങളാണ് തുടര്‍ന്നങ്ങോട്ട് തമിഴകത്ത് നിന്നും കേരളത്തില്‍ നിന്നുമെല്ലാം പ്രവഹിച്ച് കൊണ്ടിരിക്കുന്നത്.

സ്വന്തം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പോലും ഇന്നുവരെ ലഭിക്കാത്ത ദേശീയ അവാര്‍ഡ് നിരവധി വട്ടം നേടി ചരിത്രം സൃഷ്ടിച്ച മമ്മൂട്ടി തമിഴ് ജനതക്ക് ഇപ്പോള്‍ ഒരു വിസ്മയമാണ്. വീണ്ടും ഒരു അവാര്‍ഡ് നേട്ടത്തിന് അരികെയാണ് മമ്മൂട്ടി എന്നാണ് തമിഴ് മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെക്‌നോളജിയിലും കളക്ഷന്‍ വേട്ടയിലും രാജ്യത്ത് ഏറെ മുന്നിട്ട് നില്‍ക്കുന്ന തമിഴ് സിനിമാ മേഖല പോലും മമ്മൂട്ടിക്ക് മുന്‍പില്‍ ശിരസ് നമിക്കുമ്പോള്‍ അതില്‍ നമ്മള്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

തനിയാവര്‍ത്തനം, അമരം എന്നീ സിനിമകളാണ് തന്നെ മമ്മൂട്ടിയുടെ ആരാധകനാക്കി മാറ്റിയതെന്ന് പേരന്‍പ് സംവിധായകന്‍ റാം പറയുമ്പോള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതും മലയാള സിനിമയാണ്. അനശ്വരനായ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ തൂലികയില്‍ പിറന്നതാണ് ഈ രണ്ടു സിനിമകളുമെന്നതും ശ്രദ്ധേയമാണ്.

പേരന്‍പില്‍ ഇന്നുവരെ ഒരു നായകനും ഏറ്റെടുക്കാത്ത വെല്ലുവിളി ഏറ്റെടുത്താണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെയും സിനിമാ നിരൂപകരുടെയും മികച്ച പിന്തുണയോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഈ തമിഴ് സിനിമ.

തെലുങ്കില്‍ മമ്മൂട്ടി നീണ്ട ഇടവേളക്ക് ശേഷം അഭിനയിക്കുന്ന ‘യാത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ തെലുങ്ക് മണ്ണില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ടീസര്‍ കൂടി പുറത്തു വന്നതോടെ ആന്ധ്ര രാഷ്ട്രീയത്തിലും അതിന്റെ അലയൊലിയുണ്ടായി.

അന്തരിച്ച മുന്‍ ജനകീയ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് യാത്രയുടെ പ്രമേയം. ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട രാജശേഖര റെഡ്ഡിക്ക് തെലങ്ക് മണ്ണിലുള്ള പിന്തുണ യാത്രയുടെ ടീസറിനു കിട്ടിയ വരവേല്‍പ്പില്‍ തന്നെ വ്യക്തമാണ്.

ഫെബ്രുവരി 8ന് റിലീസ് ചെയ്യുന്ന ‘യാത്ര’ രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ മോഹന്റെഡ്ഢിയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയാണ് ‘സമാപിക്കു’ന്നതെങ്കില്‍ അത് ചരിത്രമാകും.

കോണ്‍ഗ്രസ്സ് വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും തെലങ്കുദേശത്തിനും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തമിഴകത്തെ പോലെ തന്നെ രാഷ്ട്രീയത്തിലും സിനിമ വലിയ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

അന്തരിച്ച സൂപ്പര്‍സ്റ്റാര്‍ എന്‍ റ്റി രാമറാവു കന്നി തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച ചരിത്രം തന്നെ പറയാനുണ്ട് ഈ തെലങ്ക് മണ്ണിന്. ഈ മണ്ണാണ് ഒറ്റ യാത്രയിലൂടെ ഉഴുത് മറിച്ച് മലയാളിയുടെ സ്വന്തം മമ്മൂക്ക പാകപ്പെടുത്തിയിരിക്കുന്നത്.

ചിത്രീകരണ സമയത്ത് പതിനായിരങ്ങള്‍ അണിനിരന്ന യാത്രയില്‍ അനവധി സാധാരണക്കാരും സ്വമേധയാ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്നും ഒപ്പം നിന്ന രാജശേഖര റെഡ്ഡിയുടെ ഐതിഹാസിക യാത്ര തന്നെ പാവങ്ങളുടെ കണ്ണീരൊപ്പാനായിരുന്നു. ആന്ധ്ര രാഷ്ട്രീയത്തിന്റെ ചരിത്രമാണ് 2003ല്‍ വൈ.എസ്.ആര്‍ നടത്തിയ 1475 കിലോമീറ്റര്‍ പദയാത്ര.

Top