പെപ്‌സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി പടിയിറങ്ങി

ന്യൂഡല്‍ഹി: ലോക പ്രശസ്ത ശീതള പാനീയ കമ്പനിയായ പെപ്‌സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി പടിയിറങ്ങി. 24 വര്‍ഷം പെപ്‌സികോയില്‍ പ്രവര്‍ത്തിച്ച നൂയി അതില്‍ 12 വര്‍ഷം കമ്പനി സിഇഒ ആയിരുന്നു. പെപ്‌സികോയുടെ പുതിയ സി ഇ ഒ ആയി റാമേണ്‍ ലഗുറാട്ട ചുമതലയേറ്റു.

അതേസമയം പൂര്‍ണമായും ജോലി അവസാനിപ്പിച്ചല്ല ചെന്നൈ സ്വദേശിയായ ഇന്ദ്ര നൂയി കമ്പനിയോട് വിട പറയുന്നത്. പെപ്‌സികോയുടെ ചെയര്‍പേഴ്‌സണ്‍ എന്ന പദവിയില്‍ 2019 വരെ തുടരും.

തന്റെ ടാങ്കില്‍ ഇനിയും ഏറെ ഇന്ധനമുണ്ടെന്നും, സി ഇ ഒ സ്ഥാനമൊഴിഞ്ഞ ശേഷം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ താത്പര്യമുണ്ടെന്നും ഇന്ദ്ര പറഞ്ഞു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെപ്‌സികോയുടെ സി ഇ ഒ പദവിയില്‍ എത്തുന്ന ആദ്യ വനിതയും അമേരിക്കക്ക് പുറത്തു നിന്നുള്ള ആദ്യത്തെ സി ഇ ഒയുമാണ് ഇന്ദ്ര. 1994ലാണ് അവര്‍ കമ്പനിയില്‍ സേവനം തുടങ്ങുന്നത്. നിരവധി പുതിയ ഉത്പന്നങ്ങള്‍ നൂയി അവതരിപ്പിച്ചിരുന്നു.

ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ പലതവണ ഇടം നേടിയിട്ടുണ്ട് ഇന്ദ്ര നൂയി. 2006-ല്‍ ഇന്ദ്ര നൂയി ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനത്തെത്തിയശേഷം പെപ്‌സിക്കോയുടെ ഓഹരിയില്‍ 78 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

22 വര്‍ഷമായി പെപ്‌സിക്കോയിലുള്ള ലഗാര്‍ട്ടെ, ആഗോള ഇടപാടുകള്‍, കോര്‍പറേറ്റ് തന്ത്രം, പൊതുനയം, സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ ചുമതലയാണ് പ്രസിഡന്റ് എന്ന നിലയില്‍ വഹിച്ചിരുന്നത്. പെപ്‌സിക്കോയുടെ യൂറോപ്പ് സബ് സഹാറന്‍ ആഫ്രിക്ക സിഇഒയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top