ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് നിയമ നടപടി; പെപ്‌സികോക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

അഹമ്മദാബാദ്: ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി കര്‍ഷകര്‍. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഈ കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്.

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്.

അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ പറഞ്ഞു.

Top