കുരുമുളക്, തേയില വില കുതിച്ചുകയറി; മാറ്റമില്ലാതെ റബര്‍ വില

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാരണം വാണിജ്യ വ്യാപാര മേഖലകള്‍ അടഞ്ഞുകിടന്നത് കര്‍ഷകരെ ദുരിതത്തിലാക്കി. കൊച്ചി ടെര്‍മിനല്‍ വിപണി അടച്ചതോടെ കുരുമുളക് വരവ് നിലക്കുകയും ചെയ്തു. കുരുമുളക് കിട്ടാനാകാതെ വന്നതോടെ വില കുതിച്ചുകയറി. കിലോയ്ക്ക് 12 രൂപയും ക്വിന്റലിന് 1200 രൂപയാണ് കുരുമുളകിന്റെ ഇപ്പോഴത്തെ വില. ഹൈറേഞ്ച് മേഖലകളില്‍ മലഞ്ചരക്ക് കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഇടുക്കി, വയനാട് ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ മലഞ്ചരക്ക് വ്യാപാരികളുടെ സംഘടന ഇപ്സ്റ്റ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഇലത്തേയില, പൊടിത്തേയില വില കൂടി. മേയ്, ജൂണ്‍ മാസങ്ങളിലെ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിലേക്ക് സപ്ലൈകോ വലിയതോതില്‍ പൊടിത്തേയില വാങ്ങാന്‍ തുടങ്ങിയതോടെ പൊടിത്തേയില കിലോക്ക് 17 രൂപ വില ഉയര്‍ത്തിയാണ് പാക്കറ്റ് നിര്‍മ്മാതാക്കള്‍ വാങ്ങിയത്. കയറ്റുമതിക്കാര്‍ ഇലത്തേയില കിലോക്ക് ആറ് രൂപവരെ വില ഉയര്‍ത്തിവാങ്ങി.

റബര്‍ വിലയില്‍ മാറ്റമില്ല. വാങ്ങലും വില്‍പനയും നിലച്ചതോടെ ടയര്‍ കമ്പനികള്‍ ആര്‍.എസ്.എസ്. നാല് കിലോയ്ക്ക് 177 രൂപ വരെ ഉയര്‍ത്തി. അവധിക്കാര്‍ വിലകുറച്ചതോടെ ടയര്‍ കമ്പനികള്‍ വാരാന്ത്യം 174 രൂപയായി കുറച്ചാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നേരത്തെ വാങ്ങിയ ഷീറ്റുകള്‍ വിറ്റുതീര്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഇടനിലക്കാരും വ്യാപാരികളും വില്‍പനതോത് ഉയര്‍ത്തിയാല്‍ റബര്‍ വില ഇടിയാന്‍ സാധ്യതയുണ്ടെന്നും വ്യാപാര വൃത്തങ്ങള്‍ പറയുന്നു.

Top