അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കരുത്;മുന്നറിയിപ്പുമായി ബ്രിട്ടണ്‍

ലണ്ടൻ : അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടണ്‍. ബ്രിട്ടണിലെ മെഡിസിൻ റെഗുലേറ്ററാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിൻ ആദ്യദിവസം സ്വീകരിച്ച രണ്ടുപേർക്ക് കുത്തിവെപ്പിനെ തുടർന്ന് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വാക്സിൻ സ്വീകരിച്ച രണ്ട് എൻഎച്ച്എസ് ജോലിക്കാർക്കാണ് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവർ അലർജി ചരിത്രമുളളവരാണ്. ‘വാക്സിൻ സ്വീകരിച്ച രണ്ട് എൻഎച്ച്എസ് ജോലിക്കാർക്ക് അനഫൈലക്ടോയിഡ് റിയാക്ഷൻ ഉണ്ടായതിനെ തുടർന്നാണ് നിർദേശങ്ങളിൽ മാറ്റം വരുത്തിയതെന്ന് നാഷണൽ ഹെൽത്ത് സർവീസ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അറിയിച്ചു. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. പുതിയ വാക്സിൻ നൽകുമ്പോൾ സ്വീകരിക്കാറുളള സാധാരണ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അലര്‍ജിയുളളവര്‍ വാക്സിൻ സ്വീകരിക്കരുതെന്ന് നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് ബയോൺടോക്-ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിന് ആദ്യം അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും എംഎച്ച്ആർഎ അറിയിച്ചിട്ടുണ്ട്. ഫൈസറും ബയോൺടെക്കും എംഎച്ച്ആർഎയുടെ അന്വേഷണത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മൂന്നുഘട്ട പരീക്ഷണങ്ങളിലും മുമ്പ് അലർജിയുണ്ടായിട്ടുളളവരെ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഫൈസർ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയാണ് ബ്രിട്ടണിൽ കോവിഡ് പ്രതിരോധ വാക്സിൻ പൊതുനങ്ങൾക്ക് ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത് പ്രായമായവർക്കും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുളളവർക്കുമാണ്.

Top