‘ഞാന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും’; പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ മൗനം വെടിഞ്ഞ് പ്രതാപ് സിംഹ

താന്‍ രാജ്യ സ്നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനം തീരുമാനിക്കുമെന്ന് പ്രതാപ് സിംഹ. അന്തിമ വിധികര്‍ത്താവ് ജനങ്ങളാണെന്നും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് സുരക്ഷ വീഴ്ച കേസിലാണ് പ്രതാപ് സിമഹയുടെ പ്രതികരണം. കേസിലെ രണ്ട് പ്രതികള്‍ക്ക് പാര്‍ലമെന്റ് പാസ് നല്‍കിയത് പ്രതാപ് സിംഹയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

‘പ്രതാപസിംഹ രാജ്യസ്നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ചൗമുണ്ടേശ്വരി ദേവിയും, മാ കാവേരിയും, കഴിഞ്ഞ 20 വര്‍ഷമായി എന്റെ ലേഖനങ്ങള്‍ ഇഷ്ടപ്പെടുന്ന പിന്തുണക്കാര്‍, കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഞാന്‍ സേവിക്കുന്ന മൈസൂരിലെയും കുടകിലെയും ജനങ്ങള്‍ തീരുമാനിക്കും’- പ്രതാപ് സിംഹ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം ഈ ചോദ്യത്തിന് മറുപടി നല്‍കും. അന്തിമ വിധികര്‍ത്താവ് ജനങ്ങളാണ്. അവരുടെ തീരുമാനം പരമോന്നതമായിരിക്കുമെന്നും ബിജെപി എംപി പറഞ്ഞു.

”ജനങ്ങളാണ് ആത്യന്തികമായി വിധി പറയേണ്ടത്. ഞാന്‍ രാജ്യസ്നേഹി ആണോ എന്ന് അവര്‍ തീരുമാനിക്കും. അത് അവരുടെ തീരുമാനത്തിന് വിടുന്നു. അതല്ലാതെ എനിക്ക് ഒന്നും പറയാനില്ല”- ”രാജ്യദ്രോഹി” പോസ്റ്ററുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ”എനിക്ക് വേണ്ടതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്, ഇതില്‍ മറ്റൊന്നും പറയാനില്ല”- പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദിച്ചപ്പോള്‍ സിംഹ പറഞ്ഞു.

Top