മണ്ഡലത്തില്‍ ഉത്സവ പ്രതീതിയില്‍ വോട്ട് ചെയ്യുന്ന ജനം, ജെയ്ക്കിന് നല്ല പ്രതീക്ഷ; എംവി ഗോവിന്ദന്‍

കോട്ടയം: പുതുപ്പള്ളിയിലെ മികച്ച പോളിംഗില്‍ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തില്‍ ജനങ്ങള്‍ ഉത്സവ പ്രതീതിയില്‍ വോട്ട് ചെയ്യുന്നു. ഇത് ജെയ്ക്കിന് നല്ല പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി എംഎല്‍എയായി തുടര്‍ന്ന 53 വര്‍ഷത്തിന് ശേഷം, ചാണ്ടി ഉമ്മന് ഈസി വാക്കോവറാണ് യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ വികസനം ചര്‍ച്ചയായതോടെ ആ സാഹചര്യം മാറി. ഇടത് അനുകൂലമായി സാഹചര്യങ്ങളുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. കേരളാ കോണ്‍ഗ്രസ് ബിയുടെ കൈവശമുണ്ടായിരുന്ന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ അറിയിപ്പില്ലാതെ മാറ്റിയ നടപടിയിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഘടകക്ഷികളുടെ കയ്യിലുള്ള സീറ്റുകളൊന്നും പിടിച്ച് വാങ്ങാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. ഘടകകക്ഷികളുടെ സ്ഥാനം പിടിച്ചെടുക്കുകയുമില്ല. ഭരണപരമായ നിലപാട് പാര്‍ട്ടി അറിയണമെന്നില്ല. മുന്നോക്ക കമ്മീഷനുമായി ബന്ധപ്പെട്ട് എന്തുണ്ടായെന്ന് പരിശോധിക്കാം. തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

കരുവന്നൂര്‍ കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജാരാകുമെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു. പുതുപ്പള്ളി ഇലക്ഷനെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് എസി മൊയ്തീന്‍ ഇഡിക്ക് മുന്നിലിതുവരെ എത്താതിരുന്നതെന്ന വാദം തള്ളിയ എംവി ഗോവിന്ദന്‍, ഇത് വരെ ഹാജരാകാതിരുന്നത്, നിയമസഭാ കമ്മിറ്റി അടക്കം മറ്റ് കാര്യങ്ങള്‍ ഉള്ളതിനാലാണെന്നാണ് വിശദീകരിച്ചത്.

Top