ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ രാജസ്ഥാനിലെ ജനങ്ങള്‍ വീഴില്ല; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സാമൂഹിക നീതി, സാമ്പത്തിക ശാക്തീകരണം, സമ്പാദ്യ ആശ്വാസ പദ്ധതികള്‍ എന്നിവയെ ബിജെപി ഭയക്കുകയാണെന്നും വീരന്മാരുടെയും യോദ്ധാക്കളുടെയും പുണ്യഭൂമിയായ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ജനക്ഷേമ പദ്ധതികള്‍ വോട്ടര്‍മാര്‍ അംഗീകരിച്ചെന്നും അദ്ദേഹം കുറിച്ചു.

അതേസമയം രാജസ്ഥാനിലെ ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തില്‍ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടര്‍ മാരെ നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. 200 സീറ്റുകള്‍ ഉള്ള രാജസ്ഥാന്‍ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.

അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്. കോണ്ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍ മിത് സിങ് കോനൂര്‍ മരിച്ചതിനെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.

Top