ജനത കര്‍ഫ്യൂ എല്ലാവരും കൃത്യമായി പാലിക്കണം; യുപിയിലെ ജനങ്ങളോട് യോഗി

Yogi-Adityanath

ലക്‌നൗ: കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മാര്‍ച്ച് 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജനത കര്‍ഫ്യൂ’ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. അദ്ദേഹം പറഞ്ഞു.

അന്നേദിവസം സംസ്ഥാനത്തെ എല്ലാ മെട്രോ റെയില്‍, സംസ്ഥാന, സിറ്റി ബസ് സര്‍വീസുകളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 15 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20.37 ലക്ഷം നിര്‍മാണത്തൊഴിലാളികള്‍ക്കും പ്രതിദിനം 1000 രൂപ വീതം അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ലേബര്‍ വകുപ്പ് മുഖേനയാകും പണം വിതരണം ചെയ്യുക.

ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ മാളുകളും അടച്ചിടണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ലഖ്‌നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക.

കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് പറഞ്ഞ യോഗി വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ വസ്തുക്കളും മരുന്നുകളും ഉണ്ടെന്നും പറഞ്ഞു.സാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തി തിരക്കു കൂട്ടരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉത്തര്‍പ്രേദശില്‍ ഇതുവരെ 23 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.ഇവരില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് രോഗബാധിതര്‍ക്കായി ഐസൊലേഷന് വാര്‍ഡുകള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്

Top