ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം; വൈദ്യുതി നിയന്ത്രണം തല്‍ക്കാലം ഇല്ലെന്ന് കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി. നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാല്‍ തല്‍ക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോഡ്‌ഷെഡിംഗും പവര്‍കട്ടും നിലവില്‍ പരിഗണനയിലില്ല. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടില്‍ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നും മന്ത്രി.

വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. വൈദ്യുതി നിയന്ത്രണം എര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന.

സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ മാന്യ ഉപഭോക്താക്കള്‍ തയ്യാറാകണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരാനാണ് തീരുമാനം. സെപ്റ്റംബര്‍ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടര്‍ തുറക്കുന്നത്.

Top