റാലിയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാം; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നവംബര്‍ 11ന് കോഴിക്കോട് സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. റാലിയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അര്‍ത്ഥത്തിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും.

പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് സിപിഎം. അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല. മുസ്ലിം ലീഗിന് റാലിയില്‍ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവില്‍ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു.

ഇടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതില്‍ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണ്. ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ പലസ്തീന്‍ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോണ്‍ഗ്രസുകാരെയും ക്ഷണിക്കാന്‍ തയ്യാറാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Top