മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ ജനങ്ങള്‍ പിഴുതെറിഞ്ഞു; ബിജെപിയുടെ വിജയത്തില്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയമാണ് ഇത്. ജനങ്ങള്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊള്ളുമെന്ന് തെളിയിച്ചു. മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ ജനങ്ങള്‍ പിഴുതെറിഞ്ഞുവെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷ മുന്നണി നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തൂത്തെറിയുകയാണുണ്ടായത്. മോദിക്കൊപ്പം ജനങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളുടേത് കപടനാടകമാണ്. കേരളത്തിലെ രണ്ട് മുന്നണികളും ഒന്ന് തന്നെയാണ്. ആ ഒന്നിനെതിരെ മറ്റൊരു ഒന്ന് കേരളത്തിലുണ്ട്. കേരളത്തിലെ ദിശാ സൂചകമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. ഇത് ഭാരതത്തിന്റെ വിജയമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തകര്‍ക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമി ഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്ക് കടക്കുകയാണെന്നുമാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Top