ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് 16000 പേര്‍ ഇന്ത്യയിലെത്തിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് പതിനാറായിരം പേര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 18 പേര്‍ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോണ്‍ ഭീഷണിയെ നേരിടാന്‍ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഒമിക്രോണിനെ നേരിടും. കൊവിഡ് രണ്ടാം തരംഗം നല്‍കിയ പാഠം ഒമിക്രോണ്‍ വെല്ലുവിളിയെ നേരിടാന്‍ സഹായിക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ വിവരിച്ചു.

ശാസ്ത്രലോകത്തെ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിമാരോട് നിരന്തരം വിവരങ്ങള്‍ ആരായുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധന കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊസിറ്റീവ് കേസുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്നാണ് നി!ര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് രാജ്യത്ത് ഒമിക്രോണ് സ്ഥിരീകരിച്ചെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന് മുന്‍പേ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നും മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്ത് 3.46 കോടി പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നും ഇതില്‍ 4.6 ലക്ഷം പേര്‍ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ ഭീഷണി ഉള്ളയുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം കര്‍ശന പരിശോധന നടത്തുന്നുണ്ട്. കൊവിഡ് പോസിറ്റീവ് കേസുകള്‍ ജനിതക ശ്രേണീകരണത്തിനയക്കുന്നുണ്ടെന്നും രാജ്യത്ത് കര്‍ശന നിരീക്ഷണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലും കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസ!ര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു.

Top