തെലങ്കാന സംസ്ഥാനം നല്‍കിയത് കോണ്‍ഗ്രസ്സാണെന്ന വികാരം ജനങ്ങളിലുണ്ട്; കെസി വേണുഗോപാല്‍

ബെംഗളൂരു: തെലങ്കാനയില്‍ കെസിആറിന് എതിരായ ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് കെസി വേണുഗോപാല്‍. തെലങ്കാന സംസ്ഥാനം നല്‍കിയത് കോണ്‍ഗ്രസും സോണിയാഗാന്ധിയുമാണെന്ന വികാരം ജനങ്ങളിലുണ്ടെന്നും അത്തരമൊരു വൈകാരികത അനുകൂലമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ കോണ്‍ഗ്രസിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. താന്‍ ആലപ്പുഴയില്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല വിഷയം. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം തെലങ്കാനയില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും. മോദിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, റാലികളില്‍ പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. പാര്‍ട്ടി മുന്‍ അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറില്‍ മോദി എത്തും. ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും.

Top