തിരഞ്ഞെടുപ്പ് ആവേശത്തില്‍ ത്രിപുര ; ഭരണം ഉറപ്പാക്കാന്‍ ബിജെപി, വിമര്‍ശനങ്ങളുമായി സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ പോര് മുറുകുന്നു. ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി ബിജെപി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തുമെന്ന് ബിജെപി നേതാവും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ചെയര്‍മാനുമായ ഹിമാന്ദ ബിശ്വ ശര്‍മ.

ദുര്‍ഭരണവും അഴിമതിയും ത്രിപുരയിലെ ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി ഭരണത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തീവ്രവാദ സംഘടനകളുടെ പിന്‍ബലത്തിലാണ് ബിജെപി ത്രിപുരയില്‍ മത്സരിക്കുന്നതെന്ന് സിപിഎം ചൂണ്ടികാണിച്ചു. ത്രിപുര സ്വദേശീയ ജനമുന്നണി എന്ന തീവ്രസംഘടനയുമായി ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിക്കാനൊരുങ്ങുന്നത്. ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സംസ്ഥാനം വേണമെന്ന് ഉന്നയിക്കുന്ന സംഘടനയാണ് ത്രിപുര സ്വദേശീയ ജനമുന്നണി.

പാവങ്ങള്‍ക്കു നേട്ടുമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുമെന്ന് സിപിഎം നേതാവ് ബിജന്‍ ധര്‍ ബിജെപിയ്ക്ക് മറുപടി നല്‍കി. 51 എംഎല്‍എമാരാണു ത്രിപുര നിയമസഭയില്‍ ഇടതുമുന്നണിക്കു നിലവിലുള്ളത്.

കോണ്‍ഗ്രസിന് രണ്ട്, ബിജെപിയ്ക്ക് ഏഴ് എന്നിങ്ങനെയാണ് അംഗബലം. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. 60 മണ്ഡലങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ 51 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളാണ് മത്സരിക്കുക. ഒന്‍പതു സീറ്റുകളില്‍ ഐപിഎഫ്ടിയും ജനവിധി തേടുന്നുണ്ട്.

Top