റോഡിലെ കുണ്ടും കുഴിയും; പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം

കൊച്ചി: റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാന്‍ ആണ് കോടതിയുടെ നിര്‍ദേശം. അമിക്കസ് ക്യൂറി, അഭിഭാഷകര്‍ എന്നിവര്‍ക്ക് പുറമെ പൊതുജനത്തിനും വിഷയം ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം പരാതികള്‍ എത്തുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.

റോഡുകളുടെ ശോചനീയാവസ്ഥയെ ഹൈക്കോടതി നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവയ്ക്കണമെന്നാണ് കോടതി പറഞ്ഞത്. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെടലിനെ തുടര്‍ന്ന് നന്നാക്കിയ റോഡുകള്‍ ഈ വര്‍ഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ പറഞ്ഞു. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി തിരിച്ച് മറുപടി നല്‍കി.

Top