മോദി സര്‍ക്കാര്‍ ദേശസ്നേഹത്തിന്റെ പുതിയ നിര്‍വചനം ജനങ്ങളെ പഠിപ്പിച്ചു; സോണിയ

soniya gandhi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. മോദി സര്‍ക്കാര്‍ ദേശസ്നേഹത്തിന് മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് ജനങ്ങളെ പഠിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചു. നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്നേഹികളെന്ന് വിളിക്കുന്നതെന്നും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അവര്‍ ആരോപിച്ചു.

ഭിന്നാഭിപ്രായങ്ങളെ മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഓടിയൊളിക്കുന്നു. ആസൂത്രിത ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെത്തന്നെ തകര്‍ക്കാര്‍ ശ്രമിക്കുന്നു. ആശങ്കയുണ്ടാക്കുന്നതാണ് ഇത്. രാജ്യത്ത് നിയമവാഴ്ച നടപ്പാക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറല്ല. സാധാരണ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ ചില വ്യവസായികള്‍ക്ക് ആനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. നിഷ്പക്ഷ സര്‍ക്കാരാണ് രാജ്യത്തിനു വേണ്ടത്. മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം- സോണിയാഗാന്ധി പറഞ്ഞു.

കൂടാതെ കോണ്‍ഗ്രസ്അധികാരത്തില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കോണ്‍ഗ്രസ്‌നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ സംബന്ധിച്ച് യാതൊരു സംശയവും തനിക്കില്ല.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനം ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top