ഇറാന്‍ വക ‘ഹാപ്പി ന്യൂയര്‍’; തിരിച്ചടിച്ച് ആശംസ അറിയിക്കാന്‍ ട്രംപ് സൈന്യത്തെ ഇറക്കുന്നു

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഇറാന്‍ അനുകൂല സംഘങ്ങള്‍ നടത്തിയ അക്രമണങ്ങളെത്തുടര്‍ന്ന് കുവൈത്തില്‍ പടയെ ഒരുക്കി യുഎസ്. യുഎസ് സൈന്യത്തിന്റെ 82ാം എയര്‍ബോണ്‍ ഡിവിഷനോടാണ് സജ്ജരായി നില്‍ക്കാന്‍ ഉത്തരവ് ഇറക്കിയത്. ചുരുങ്ങിയത് 750 പാരാട്രൂപ്പര്‍മാര്‍ മിഡില്‍ ഈസ്റ്റ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെര്‍ സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സേനകളെ ഇവിടെ എത്തിക്കുമെന്നും വാര്‍ത്താക്കുറിപ്പ് കൂട്ടിച്ചേര്‍ത്തു.

യുഎസ് വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ഭീഷണികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികളാണ് സ്വീകരിക്കുന്നതെന്ന് എസ്‌പെര്‍ വ്യക്തമാക്കി. അടുത്ത 96 മണിക്കൂറിനുള്ളില്‍ അടിയന്തര വിന്യാസത്തിന് തയ്യാറെടുക്കാനാണ് നോട്ടീസ് ഇറക്കിയതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനും, യുഎസും തമ്മില്‍ പോര്‍വിളി നടത്തുന്ന സാഹചര്യങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ച് വരുന്നതിന് ഇടെയാണ് സേനാ വിന്യാസം.

ബാഗ്ദാദിലെ യുഎസ് എംബസിയില്‍ ഇറാന്‍ അനുകൂല ഷിയാ തീവ്രവാദി സംഘങ്ങളാണ് അതിക്രമം നടത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ 6000ഓളം പേരാണ് എംബസിയിലെ ചുവരുകള്‍ക്ക് തീകൊളുത്തിയത്. അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ മറുപടിയായാണ് ഈ അക്രമം. അമേരിക്കന്‍ ഭാഗത്ത് ആര്‍ക്കും ജീവഹാനി നേരിട്ടിട്ടില്ല. 100 മറീനുകള്‍ അടിയന്തരമായി രംഗത്തിറങ്ങിയാണ് കൂടുതല്‍ അതിക്രമങ്ങള്‍ തടഞ്ഞത്.

സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പുള്ള തീവ്രവാദമാണ് നടന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഇറാനിയന്‍ ഗവണ്‍മെന്റിനാണ് അക്രമങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ‘ഇതിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരും. ഇതൊരു മുന്നറിയിപ്പല്ല, ഭീഷണിയാണ്. ഹാപ്പി ന്യൂഇയര്‍’, ട്രംപ് ട്വീറ്റ് ചെയ്തു. തീവ്രവാദികള്‍ സംഘടിപ്പിച്ച അക്രമണത്തിന് ഇറാന്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച പോംപിയോ ഇറാന്‍ ബന്ധം വെളിവാക്കാന്‍ തീവ്രവാദികളുടെ ചിത്രവും പങ്കുവെച്ചു.

Top