Pentagon Asks China To ‘Immediately’ Release Its Naval Vessel

വാഷിംഗ്ടണ്‍: ദക്ഷിണ ചൈന കടലില്‍ നിന്നും ചൈന അനധികൃതമായി കണ്ടുകെട്ടിയ തങ്ങളുടെ ആളില്ലാ നാവിക വാഹനം വിട്ടുനല്‍കണമെന്ന് പെന്റഗണ്‍. ചൈനയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യു.എസ് സെനേറ്റര്‍ ബെന്‍ കാര്‍ഡിന്‍ അഭിപ്രായപ്പെട്ടു.

ദക്ഷിണചൈന കടലില്‍ വിന്യസിച്ചിരുന്ന യുഎസ് അന്തര്‍വാഹിനി ഈമാസം 15നാണ് ചൈന പിടിച്ചെടുത്തത്.

സമുദ്രത്തിന്റെ ലവണത്വം, ജലത്തിന്റെ ഊഷ്മാവ്, ശബ്ദത്തിന്റെ വേഗത എന്നിവ മനസിലാക്കാനായി അന്താരാഷ്ട്ര നിയമപ്രകാരം ഉപയോഗിക്കുന്ന നാവിക വാഹനം ഫിലിപ്പൈന്‍സിലെ സുബിക്ക് ബേയില്‍ നിന്നും അമ്പതു നോട്ടിക്കല്‍ ദൂരത്തു നിന്നുമാണ് ചൈനീസ് നാവികസേന കപ്പല്‍ കണ്ടുകെട്ടിയത്.

യു.എസ് കപ്പല്‍, ചൈന നാവിക സേന കപ്പലിനോട് അന്തര്‍വാഹിനി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അവഗണിച്ചുവെന്നും പെന്റഗണ്‍ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് സൈ ജിംഗ്പിന്‍ നടത്തിയ വാഗ്ദാനങ്ങള്‍ മറികടന്ന് പ്രദേശത്ത് അവര്‍ നടത്തുന്ന സൈനീക വിന്യാസം ആഴത്തില്‍ അസ്വാസ്ഥ്യം ഉണ്ടാക്കുന്നതും സ്ഥിരതയില്ലാത്തതുമാണെന്നും പെന്റഗണ്‍ പ്രസ്സ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു. ഏഷ്യ പെസഫിക്ക് പ്രദേശത്തു കൂടി സുഗമമായ രീതിയില്‍ വാണിജ്യം നടക്കണമെന്നാണ് യു.എസിന്റെ താല്‍പര്യമെന്നും പീറ്റര്‍ കുക്ക് വ്യക്തമാക്കി

ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും ഇവിടെ പ്രതിരോധവാണിജ്യ താത്പര്യങ്ങളുള്ള അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതാണ് ചൈനയുടെ നടപടി.

Top