8 വര്‍ഷമായി മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ വാങ്ങിയ കൊച്ചുമകന്‍ അറസ്റ്റില്‍

rupee trades

നെയ്യാറ്റിന്‍കര: അധികൃതരെ കബളിപ്പിച്ച് എട്ടുവര്‍ഷംമുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ സ്വദേശി പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. കെ.എസ്.ഇ.ബി.യില്‍ നിന്ന് വിരമിച്ച ജീവനക്കാരിയായ പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്.

പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി. നടത്തിയ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്‌ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പോലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

 

 

 

Top